കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ അടിപ്പാതയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. യാത്ര ദുരിതത്തിലായ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും പരാതിയുമായി കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി.
കുമ്പളയിലെ റെയില്‍വേ സ്റ്റേഷന്‍ ലെവല്‍ ക്രോസ് അടച്ചിട്ടതിന് ശേഷമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അടിപ്പാത സൗകര്യമൊരുക്കിയത്. എന്നാല്‍ ഓരോ മഴക്കാലത്തും വെള്ളം നിറഞ്ഞു ഗതാഗതം തടസ്സപ്പെടുന്നു. കുമ്പള കോയിപ്പാടി, പെര്‍വാഡ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, മത്സ്യത്തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകള്‍ക്ക് കുമ്പള ടൗണിലെത്താനുള്ള ഏക മാര്‍ഗമാണ് അടിപ്പാത.

പ്രശ്‌നത്തില്‍ അടിയന്തിര ശാശ്വത പരിഹാരം കാണാന്‍ കുമ്പള പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും പഞ്ചായത്ത് ഓഫീസില്‍ പരാതിയുമായി എത്തിയത്. അടിയന്തിര പരിഹാരമെന്ന നിലയില്‍ കുമ്പളയിലെ റെയില്‍വേ അടിപ്പാതയില്‍ മോട്ടോര്‍ വെച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സംവിധാനം പഞ്ചായത്ത് ഏര്‍പ്പെടുത്തി.