കാസർകോട്: ഒൻപത് മാസം മാത്രം സർവീസ് ബാക്കിയുള്ള വിധവയായ ഉദ്യോഗസ്ഥയ്ക്ക് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നൽകിയ സ്ഥലംമാറ്റം പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അഡീഷണൽ ഡി.ജി.പി.ക്ക് (ഇന്റലിജൻസ്) നിർദ്ദേശം നൽകി. പരാതിക്കാരിയുടെ സാഹചര്യം പരിഗണിച്ചും മാനുഷിക പരിഗണന നൽകിയും എ.ഡി.ജി.പി സ്ഥലംമാറ്റം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ഓഗസ്റ്റ് 6 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.തിരുവനന്തപുരം പട്ടം സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് ഫെയർകോപ്പി സൂപ്രണ്ടായ എം. പ്രവീണയ്ക്ക് കാസർകോട് നിയമനം നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ചാണ് പരാതിക്കാരി തിരുവനന്തപുരത്തെത്തിയത്. പരാതിക്കാരി ഇപ്പോൾ അവധിയിലാണ്. ഏകമകൾ കാസർകോട് കേന്ദ്രീയവിദ്യാലയത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
