കോട്ടയം: ആര്‍.എസ്.എസും സിപിഎമ്മും ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇരുകൂട്ടരെയും താന്‍ ആശപരമായി നേരിടുന്നു. ആര്‍എസ്എസ്- സിപിഎം പ്രത്യയശാസ്ത്രങ്ങളെ പ്രസംഗങ്ങളിലൂടെ എതിര്‍ക്കുന്നു. ആര്‍എസ്എസ്, സിപിഎം ജനങ്ങളുടെ വികാരങ്ങള്‍ അറിയാന്‍ കഴിയാത്തവരാണ്. ജനങ്ങളെ കേള്‍ക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തില്‍ നില്‍ക്കേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. കെപിസിസിയുടെ ആഭിമുഖ്യത്തിലെ ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. അനാരോഗ്യം ഉള്ളപ്പോഴും ഭാരത് ജോഡോ യാത്രയില്‍ ഉമ്മന്‍ ചാണ്ടി നടക്കാന്‍ തയ്യാറായി. ഡോക്ടര്‍മാര്‍ പോലും യാത്രയില്‍ അണി നിരക്കുന്നതിനെ എതിര്‍ത്തിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ആളായത് കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയായിരുന്നു. ക്രിമിനല്‍ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോള്‍ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവാണ്. ഗുരു എന്നാല്‍ ടീച്ചര്‍ എന്ന് മാത്രം അല്ലെന്നും വഴികാട്ടിത്തരുന്ന ആള്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. പല അര്‍ത്ഥത്തില്‍ എന്റെ ഗുരു ആണ് ഉമ്മന്‍ ചാണ്ടി. പല കാര്യത്തിലും വഴികാട്ടിയെന്നും രാഹുല്‍ വ്യക്തമാക്കി.
