കുമ്പള: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വികസന ഫണ്ട് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന മുന്‍ അധ്യാപകനെതിരെ പിടിഎയുടെ പരാതിയില്‍ പൊലീസും, വിജിലന്‍സും അന്വേഷണം ആരംഭിച്ചു. ആരോപണം മൂലം സ്‌കൂളിന് അനുവദിച്ചു കിട്ടിയ 2 പ്രധാന പദ്ധതികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്ത ണമെന്ന് പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡും, തൊഴില്‍ കോഴ്‌സിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു.
ഇതില്‍ ഏറെ പ്രാധാന്യത്തോടെ നോക്കിക്കണ്ട തൊഴില്‍ അധിഷ്ഠിത കോഴ്‌സ് ആരംഭിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ പഠനം ഉപേക്ഷിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ മൊബൈല്‍ ഫോണ്‍,ഹാന്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍, അമിനേറ്റര്‍ മീഡിയ കോഴ്‌സുകള്‍ക്കു അനുമതി ലഭിച്ചത് ഇതിനായി അനുവദിച്ച 21.5 ലക്ഷം രൂപയും തിരിമറി നടത്തിയതില്‍ ഉള്‍പ്പെടുന്നുണ്ട്. കോഴ്‌സിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളും, യുവാക്കളും ഇപ്പോള്‍ ആശങ്കയിലാണുള്ളത്.
അതേപോലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ലാബും ക്ലാസ് മുറിയും ഒരുക്കുന്നതിനാണ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എസ്എസ്‌കെ സ്റ്റാര്‍ പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് റൂമുകള്‍ അനുവദിച്ചത്.ഇതിന് അനുവദിച്ച 30 ലക്ഷം രൂപയില്‍ നിന്ന് ആദ്യ ഗ ഡു വായി ലഭിച്ച 12,19000ലക്ഷം രൂപയും തിരിമറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.
