കാസര്‍കോട്: ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ പാതയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് കീഴില്‍ അനധികൃത കച്ചവട സ്ഥാപനങ്ങളും ബസ് ഷെല്‍ട്ടറുകളും അപകടകരമായി നിലനില്‍ക്കുന്നുണ്ടെന്നു ജില്ലാ ജനകീയ നീതി വേദി ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ ജനജീവിതത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ടെന്നു വേദി പ്രസി. സൈഫുദ്ധീന്‍ വൈദ്യുതി മന്ത്രിയെ ചൂണ്ടിക്കാട്ടി.
ചെമ്മനാട് പഞ്ചായത്ത് പരിധിയിലുള്ള മേല്‍പറമ്പ് നയാബസാറില്‍ പൊതു സ്ഥലം കൈയേറി ഇരുമ്പ് ഷീറ്റുപയോഗിച്ച് രണ്ടു നിലകളായി നിര്‍മ്മിച്ച കെട്ടിടം, ഹൈ ടെന്‍ഷന്‍ ലൈനിന് അതിസമീപത്താണെന്ന് പരാതിയില്‍ പറഞ്ഞു.
കട്ടക്കാല്‍ മേഖലയിലും സമാനമായ വിധത്തില്‍ ഹൈടെന്‍ഷന്‍ ലൈനിന് കീഴില്‍ തട്ട് കടകളും മറ്റ് കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. അപകടസാധ്യതയും വൈദ്യുത അപകടങ്ങളും ഭീഷണിയാകുന്ന സാഹചര്യത്തില്‍, അധികൃതര്‍ ഇതിനു മുന്നിലൂടെ തേരാപ്പാര അങ്ങോട്ടും ഇങ്ങോട്ടും കണ്ണുമടച്ചു ഓടിനടക്കുന്നത് ഖേദകരവും അപലപനീയവുമാണെന്ന് സൈഫുദ്ദീന്‍ പറഞ്ഞു.
