കാസര്‍കോട്: വീട്ടുപറമ്പിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങകള്‍ മോഷണം പോയതായി പരാതി. മഞ്ചേശ്വരം പൊലീസ് പരിധിയിലെ ഉദ്യാവാര്‍, മാട ക്ഷേത്രത്തിനു സമീപത്തെ കോളെഗെയിലെ പി.കെ. ഹരീഷിന്റെ ഷെഡില്‍ സൂക്ഷിച്ചിരുന്ന തേങ്ങകളാണ് മോഷണം പോയത്’. 8000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച്ച പകലാണ് മോഷണം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉയര്‍ന്ന വില ലഭിച്ചു തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തേങ്ങ മോഷണം പതിവായിട്ടുണ്ട്. തോട്ടങ്ങളില്‍ വീഴുന്ന തേങ്ങകള്‍ പോലും മോഷണം പോകുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. ബദിയഡുക്ക, ബേഡകം, ഹൊസ്ദുര്‍ഗ്ഗ് പൊലീസ് തേങ്ങ മോഷണത്തിനു കേസെടുക്കുകയും മോഷ്ടാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
