മഞ്ചേശ്വരം: കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ വിള്ളല്‍ അനുഭവപ്പെട്ട വൊര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ കജെയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മഴ അവസാനിക്കാറായപ്പോഴായിരുന്നു ഭൂമി പിളരല്‍ പ്രതിഭാസം പ്രകടമായത്. അതിനെ തുടര്‍ന്നു വിള്ളലിനടുത്തുള്ള മൂന്നു വീടുകളില്‍ നിന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്ത കാലത്താണ് അവര്‍ ഈ വീട്ടിലേക്കു തിരിച്ചെത്തിയത്. വീണ്ടും ഭൂമി പിളര്‍പ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ഒരു വീട്ടിലുള്ളവരെ താമസിയാതെ ബന്ധുവീടുകളിലേക്ക് മാറ്റുമെന്നു ലീഗ് നേതാവ് അബ്ദുല്‍ മജീദ് പറഞ്ഞു.
വിവരമറിഞ്ഞ് വില്ലേജ്, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സംഭവം നിരീക്ഷിച്ചു മടങ്ങി. ആദ്യ വിള്ളല്‍ സമയത്തും ഇവര്‍ വന്നു മടങ്ങിയിരുന്നു. ഭൂമി വിള്ളല്‍ തുടരുന്നതും അതിന്റെ വ്യാപ്തി വര്‍ധിക്കുന്നതും നാട്ടുകാരെ പരിഭ്രമിപ്പിക്കുന്നുണ്ട്.
