കാസര്‍കോട്: ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബുധനാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആദൂര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാലുപേര്‍ അറസ്റ്റില്‍.
മുളിയാര്‍, മുണ്ടക്കൈ സ്വദേശിയും ഇരിയണ്ണി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ 17കാരന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ പരാതിക്കാരനെ ഒരു സംഘം ആള്‍ക്കാര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി പരാതിക്കാരനെയും സഹപാഠിയെയും ക്ലാസ് മുറിയില്‍ നിന്നു പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തിലും ചെവിക്കും കവിളത്തും ഇടിച്ചും തള്ളിയിട്ടും സഹപാഠിയെ അടിച്ചു പരിക്കേല്‍പ്പിച്ചതായും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കേസില്‍ മനോജ്, ബാലകൃഷ്ണന്‍, ഗോകുല്‍ദാസ്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു.
പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഇരിയണ്ണി, കുതിരക്കാല്‍ ഹൗസിലെ 18കാരന്റെ പരാതിയിലാണ് രണ്ടാമത്തെ കേസെടുത്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ ഒരു സംഘത്തിനെതിരെയാണ് കേസ്. കൂള്‍ എന്ന ലഹരി വസ്തു വയ്ക്കണമെന്ന് ആവശയപ്പെട്ട് ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
