കാസര്‍കോട്: വീടിനു പിന്നിലെ അയല്‍ക്കാരന്റെ വസ്തുവിലെ ഒരു കൂറ്റന്‍ പാറ ഏതു നിമിഷവും ഉരുണ്ടു വീടിനു മുകളില്‍ വീഴുമെന്നു ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ടെന്ന വീട്ടുടമയുടെ പരാതിയില്‍ അതു വീഴില്ലെടോ എന്ന് വില്ലേജ് ഓഫീസര്‍ വിധിച്ചു. അഥവാ വീണാലോ സര്‍ എന്നു തിരിച്ചു ചോദിച്ച വീട്ടുടമയോട് വീണാല്‍ മാറി താമസിച്ചോ എന്നു മറുപടി നല്‍ക്കൊക്കൊണ്ടു വില്ലേജ് ഓഫീസര്‍ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
കാസര്‍കോട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് വില്ലേജ് ഓഫീസ് പരിധിയിലുള്ള നടക്കാല്‍ ചന്ദ്രഗിരി നിലയത്തിലെ മിതേഷും മാതാവും ഭാര്യയും കുട്ടിയും താമസിക്കുന്ന വീട് അതേ പാറ ഇന്നലെ രാത്രി ഉരുണ്ടു വന്നു വീടിന്റെ ഭിത്തി ഇടിച്ചു തകര്‍ത്തു. ആഘാതത്തില്‍ വീടിന് ഉലച്ചില്‍ സംഭവിച്ചിട്ടുണ്ടാവുമെന്നു ആശങ്കയുണ്ട്. അപകടസമയത്ത് മിതേഷിന്റെ അമ്മയും കുട്ടിയും ക്ഷേത്രത്തില്‍ പോയിരുന്നു. ഭാര്യ ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞു തന്റെ ഉപജീവനമാര്‍ഗമായ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് വീട്ടുടമ മിതേഷ് തിരിച്ചെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പരിഭ്രമത്തോടെ വീട്ടു മുറ്റത്തു നില്‍ക്കുകയായിരുന്നു. ഇനി എന്തു ചെയ്യുമെന്ന ആശങ്കയില്‍ കുടുംബം വിറുങ്ങലിച്ചു നില്‍ക്കുന്നു. മിതേഷും ഭാര്യ ചൈത്രയും ഇതേ പരാതി പഞ്ചായത്ത് ഓഫീസിലും കൊടുത്തിരുന്നതായി പറയുന്നു. അവിടെയും എന്തു നടപടിയായെന്നു പലതവണ അന്വേഷിച്ചുവത്രെ. ഫയല്‍ അങ്ങോട്ടു പോയി, ഇങ്ങോട്ട് പോയി, ദേ ചുവപ്പുനാടയില്‍ കെട്ടിവച്ചിരിക്കുന്നു എന്നൊക്കെയായിരുന്നു മറുപടിയെന്ന് അവര്‍ സഹതപിച്ചു.

വില്ലേജ് ഓഫീസര്‍ പറഞ്ഞതു പോലെ മാറിത്താമസിക്കേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എങ്ങോട്ടു മാറിത്താമസിക്കണമെന്ന് ആരും പറയുന്നില്ല. കുറേക്കാലം കാസര്‍കോടുള്ള സഹോദരന്റെ വീട്ടില്‍ കഴിഞ്ഞു. ഇനിയോ, വില്ലേജ് ഓഫീസറെ കണ്ട് ഓഫീസര്‍ പറഞ്ഞപോലൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കണമെന്നു മിതേഷിനുണ്ട്. എങ്കില്‍ സഹിച്ചോ, എന്നാണ് മറുപടി പറയുന്നതെങ്കിലോ? വീടില്ലെങ്കിലും ആ നാണക്കേടിനു ഇനിയും നിന്നു കൊടുക്കണമോ എന്ന സംശയം മിതേഷിനെ അലട്ടുന്നു.