കാസര്‍കോട്: കാസര്‍കോട് ജില്ല പ്രളയ ഭീഷണി നേരിടുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പല നദികളും കരകവിഞ്ഞൊഴുകുന്നു. ജില്ലയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കടലാക്രമണം ഉണ്ടായിട്ടുണ്ട്. തീരദേശ നിവാസികള്‍ ഭീതിയിലാണ്. കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ചേശ്വരം താലൂക്കിലെ മംഗല്‍പാടി പെരിങ്കടിയില്‍ കടലാക്രണം രൂക്ഷമാണ്. മുട്ടം ഗേറ്റില്‍ നിന്ന് പെരിങ്കടിയിലേക്ക് പോകുന്ന ബീച്ച് റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. ഇതുവഴിയുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകള്‍ ഏതുനിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. കടപ്പുറത്തുള്ള അമ്പതോളം വീടുകളിലെ കുടുംബങ്ങള്‍ ഭീതിയിലാണ്. കടല്‍ത്തീരത്തുള്ള നൂറോളം കാറ്റാടി മരങ്ങള്‍ കടലെടുത്തു.

ഹനുമാന്‍ നഗറില്‍ റോഡുകള്‍ തകരുന്നുണ്ട്. വോര്‍ക്കാടി ദൈഗോളിയില്‍ കുന്നിടിഞ്ഞ് മരങ്ങള്‍ ഉള്‍പ്പെടെ റോഡില്‍ വീണു. ബുധനാഴ്ച രാത്രിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉപ്പള ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം നടത്തിയ കഠിന പ്രയത്‌നത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ മണ്ണ് നീക്കം ചെയ്തു. ഹൊസങ്കടിയില്‍ പലയിടത്തും വെള്ളം കയറി. സമീപത്തുള്ള മുഴുവന്‍ കെട്ടിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

കാസര്‍കോട് തെക്കില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈ സീസണിലെ കാലവര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയധികം ജലനിരപ്പുയര്‍ന്നത്. കാസര്‍കോട് -കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് വ്യാപകമായി അപകടമുണ്ടായി. വാഹനങ്ങള്‍ക്ക് കേട് പാട് പറ്റുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൃക്കണ്ണാട് കടലാക്രമണം വന്‍ നാശമുണ്ടാക്കിയിട്ടുണ്ട്. ബേക്കല്‍ മാസ്തിഗുഡ റെയില്‍വേ ഗേറ്റില്‍ വെള്ളം കയറി. ഉദുമയ്ക്കും കളനാട്ടിനുമിടയില്‍ റെയില്‍വേ പാതയില്‍ ചെറിയതോതില്‍ മണ്ണിടിച്ചലുണ്ടായി. അജാന്നൂര്‍ കടപ്പുറത്ത് ചിത്താരിപ്പുഴ ഗതിമാറി ഒഴുകുന്നു.

ദേശീയപാതയിലെ മാവുങ്കാല്‍, ചെറുവത്തൂര്‍ കൊവ്വല്‍, കാലിക്കടവ് പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. കാഞ്ഞങ്ങാട് ടൗണിലും വെള്ളം കയറി. നീലേശ്വരം പുഴയും കാര്യേേങ്കാട് പുഴയും കരകവിഞ്ഞിട്ടുണ്ട്. ചെറുവത്തൂര്‍ കുളങ്ങാട്ട് മലയിലും മടിക്കുന്നിലും മണ്ണിടിച്ചിലുണ്ടായി. കുളങ്ങാട്ട് മലയ്ക്ക് സമീപത്തുള്ള നിരവധി കുടുബങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.
ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഇവിടെ
റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലായ പ്രദേശങ്ങളില്‍ കാഴ്ചക്കാരായി ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കും.