കാസര്‍കോട്: കര്‍ക്കിടക വാവ് 24ന്; തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍. ഉഷപൂജയ്ക്കു ശേഷം പുലര്‍ച്ചെ 5.30 മുതല്‍ ബലി തര്‍പ്പണ ചടങ്ങ് ആരംഭിക്കുമെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു തെക്കുഭാഗത്ത് ഒരുക്കിയ പന്തലിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ഇരുപതോളം കര്‍മ്മികള്‍ സംബന്ധിക്കും. ബലിതര്‍പ്പണത്തിനുള്ള രശീതികള്‍ മുന്‍കൂറായും ക്ഷേത്ര വെബ്സൈറ്റ് വഴിയും ലഭിക്കും. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും. പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, ഹെല്‍ത്ത് എന്നീ വിഭാഗങ്ങളുടെ സേവനവും കൂടുതല്‍ ബസ് സര്‍വ്വീസുകളും ഉണ്ടാകും. ക്ഷേത്ര ആഘോഷ കമ്മിറ്റി, ഭജന സമിതി എന്നിവരുടെ സേവനവും സദാസമയവും ലഭ്യമാകുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ ടി. രാജേഷ്, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍, ട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
