കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ വൈദികനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ തുടരുന്നതിനിടയില്‍ വൈദികന്റെ സഹായിയായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടു പറമ്പിലിന്റെ സഹായിയായ അമല്‍ ടോമി (24)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ടോമി നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയ ഫാദര്‍ തട്ടുപറമ്പിനൊപ്പം ഉണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്. പതിനേഴുകാരനെ 2024 മെയ് 15 മുതല്‍ ആഗസ്ത് 13വരെയുള്ള വിവിധ ദിവസങ്ങളിലായി പോള്‍ തട്ടുപറമ്പിൽ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പോക്‌സോ കേസില്‍ പ്രതിയായതോടെ പോള്‍ തട്ടില്‍ പറമ്പില്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിനായി ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടരുന്നു. എ എസ് ഐ സുനില്‍ എബ്രഹാം, എസ് സി പി ഒ ശ്രീകാന്ത്, പി വി രഞ്ജിത്ത്, സി വി മഹേഷ് (എല്ലാവരും ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍), സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ ജ്യോതിഷ് (ഹൊസ്ദുര്‍ഗ്ഗ്), കെ പി അജിത്ത് (നീലേശ്വരം), പി വി സുധീഷ് (കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട്) എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
അതേസമയം ഫാദര്‍ പോള്‍ തട്ടുപറമ്പില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂലായ് 18ന് ഹൈക്കോടതി പരിഗണിക്കും. അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നതിനിടയിലും ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയും പള്ളിവികാരിയുടെ സഹായിയെ കാണാതായ സംഭവം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.
