കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളില്‍ വന്‍മരം കടപുഴകിവീണ് പരിക്കുകളോടെ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു.
ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. ആദൂര്‍ സി എ നഗര്‍ സ്വദേശിയും മുള്ളേരിയയില്‍ ഹോട്ടലുടമയുമായ അബ്ദുള്ളക്കുഞ്ഞിയാണ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അബ്ദുള്ളക്കുഞ്ഞിയുടെ കൈയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നു പറയുന്നു. ഒരു വിരല്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ മുള്ളേരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി ഐ നഗറിലെ വീട്ടില്‍ നിന്നു മുള്ളേരിയയില്‍ അദ്ദേഹം നടത്തുന്ന ഹോട്ടലിലേക്കു സ്വന്തം ഓട്ടോയില്‍ പോവുന്നതിനിടയിലാണ് അപകടം.
മുള്ളേരിയ മേഖലയില്‍ റോഡ് സൈഡ് മുഴുവന്‍ കൂറ്റന്‍ പാഴ്മരങ്ങള്‍ അപകടകരമായ നിലയിലുണ്ട്. രണ്ടുവര്‍ഷം മുമ്പു റോഡില്‍ മരം വീണ് യാത്രക്കാരനായ സാജിദ് മരണപ്പെട്ടിരുന്നു. മറ്റൊരപകടത്തില്‍ മരം വീണു നട്ടെല്ലിനു ക്ഷതമേറ്റ സാബ്രു എന്നയാള്‍ വര്‍ഷങ്ങളായി എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാതെ വീല്‍ചെയറിലാണ്.
എന്നിട്ടും അപകടകരമായ നിലയില്‍ റോഡ് സൈഡില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ മരാമത്ത് നിധിപോലെ സൂക്ഷിക്കുകയാണ്. ഇത്തരം അപകടകരമായ മരങ്ങളില്‍ ആരെങ്കിലും തൊട്ടുപോയാല്‍ അവരെ കേസില്‍ പെടുത്തി കുടുക്കാനും അക്കൂട്ടര്‍ അതിജാഗ്രതയിലാണെന്നു നാട്ടുകാര്‍ പരിഹസിച്ചു. അതിനൊക്കെ കൂട്ടു നില്‍ക്കാന്‍ സര്‍ക്കാരും ഉഷാറായി അവര്‍ക്കൊപ്പമാണെന്നു അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടു നാട്ടുകാര്‍ പറയുന്നുണ്ട്.
