കാസര്‍കോട്: മന്ത്രവാദ ചികിത്സയ്ക്കിടയില്‍ 55 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ‘മാന്ത്രിക ശക്തി’ ഉണ്ടെന്നു പറയുന്ന വടി കണ്ടെടുക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യം.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ സ്ത്രീയുടെ പരാതി പ്രകാരമാണ് ഷിഹാബുദ്ദീന്‍ തങ്ങള്‍ക്കെതിരെ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തത്. പ്രതിയെ അന്നു തന്നെ അറസ്റ്റു ചെയ്തുവെങ്കിലും നെഞ്ചു വേദനയാണെന്നും പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല.
വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് പരാതിക്കാരിയായ സ്ത്രീ ശിഹാബുദ്ദീന്റെ മന്ത്രവാദ ചികിത്സ തേടിയത്. ചികിത്സക്കിടയില്‍ സ്ത്രീയെ പീഡിപ്പിക്കുകയും എതിര്‍ത്തപ്പോള്‍ മാന്ത്രിക വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും സ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ഇയാള്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയ ആളാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. വിശദമായ ചോദ്യം ചെയ്യലില്‍ സമാനരീതിയില്‍ മറ്റെവിടെയെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ
