കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെത്തിയാല്‍ സ്വീകരിക്കുന്നത് പശുക്കളാണ്. യാത്രക്കാരെയും ബസുകളെയും വകവെക്കാതെ അവര്‍ വിലസുകയാണ്. ബസ് നിര്‍ത്തുന്നയിടങ്ങളിലാണ് ഇവ കൂട്ടമായി നടക്കുന്നത്. ഉടമസ്ഥര്‍ ഉപേക്ഷിച്ചവയാണ് അധികവും. 15 ലധികം പശുക്കളാണ് ദിവസവും ഇത്തരത്തില്‍ സ്റ്റാന്‍ഡിലെത്തുന്നത്. ഹോണടിച്ചാലും പശുക്കള്‍ എഴുന്നേറ്റുമാറില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നു. പശു കിടക്കുന്ന ഭാഗത്തേക്ക് പോകാതെ ബസ് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. മംഗളൂരു ഭാഗത്തുനിന്ന് സ്റ്റാന്‍ഡിലേക്ക് ബസ് കയറുമ്പോള്‍ പശുക്കള്‍ അലഞ്ഞുനടക്കുന്നത് ഭീതിപ്പെടുത്തുന്നുണ്ട്.

ഇവയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ബസ് ജീവനക്കാരെയും യാത്രക്കാര്‍ കുത്താന്‍ വരും.
ചിലവ ആക്രണകാരികളാണെന്നു ചില വ്യാപാരികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭയന്നാണ് ഇവിടെനില്‍ക്കുന്നത്. കടവരാന്തകളിലും മറ്റും ചാണകമിട്ടും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്നത് പതിവാണെന്നും വ്യാപാരികള്‍ പറയുന്നു. മഴക്കാലമായതോടെ മലിനമായിക്കിടക്കുകയാണ് യാത്രക്കാര്‍ നില്‍ക്കുന്നിടം. നഗരസഭ കാലികളെ പിടിച്ചുകെട്ടുന്നതിന് ഒരു സംവിധാനവും ചെയ്യുന്നില്ലെന്നാണ് ആരോപണം.