കാസര്‍കോട്: കുഴി എണ്ണലും വാഴനടലും, കുഴിയടക്കല്‍ സമരങ്ങളും തുടര്‍ക്കഥയായി മാറുമ്പോഴും കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ് ടി പി റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരം. കുഴിയും, ഗര്‍ത്തങ്ങളും കൊണ്ട് റോഡ് തകര്‍ച്ച പൂര്‍ണ്ണമാണ്. ഈ റൂട്ടില്‍ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇതൊക്കെ ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. ചെപ്പടി വിദ്യകള്‍ കൊണ്ട് വര്‍ഷാവര്‍ഷം കുഴിയടക്കാനും, കരാറുകാര്‍ക്ക് കീശ വീര്‍പ്പിക്കാനുമുള്ള അധികാരികളുടെ നടപടിയെ നാട്ടുകാര്‍ ചോദ്യം ചെയ്ത് രംഗത്തുവരുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ്ടിപി റോഡില്‍ മഴക്കാലത്ത് രൂപപ്പെടുന്ന കുഴികളും, ഗര്‍ത്തങ്ങളും, റോഡ് തകര്‍ച്ചയും പുതിയ വാര്‍ത്തയല്ല. എല്ലാ കാലവര്‍ഷത്തെയും അവസ്ഥ ഇതുതന്നെയാണ്. റോഡിന്റെ ശോചനീയാവസ്ഥ മഴക്കാലത്തിന് മുമ്പ് തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതുമാണ്. കുഴിയടക്കലിന് പകരം ശാശ്വത പരിഹാരമാണ് നാട്ടുകാര്‍ നിര്‍ദ്ദേശിച്ചതും. എന്നിട്ടും അധികൃതര്‍ കണ്ട ഭാവമില്ല. തിരക്കേറിയ ഈ പാതയിലൂടെയാണ് കെഎസ്ആര്‍ടിസി ബസുകളൊക്കെ സര്‍വീസ് നടത്തുന്നത്. ഈ റോഡുകളെ മികച്ചതാക്കണമെന്നുള്ള അഭിപ്രായം അധികാരികള്‍ കേട്ട ഭാവമില്ല.
മൂന്ന് മണ്ഡലങ്ങളിലൂടെ പോകുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ്ടിപി റോഡ് ഹൈടെക് സംവിധാനത്തിലേക്ക് ഉയര്‍ത്തേണ്ട ആവശ്യകത മണ്ഡലങ്ങളിലെ 3 എംഎല്‍എമാര്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നില്ലെന്ന ആക്ഷേപവും ജനങ്ങള്‍ക്കിടയിലുണ്ട്. എംപിക്കാണെങ്കില്‍ റോഡ് വികസനത്തില്‍ താല്‍പര്യമില്ലെന്നും ആക്ഷേപമുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തില്‍ പരേതനായ പി.ബി അബ്ദുറസാഖ് എംഎല്‍എയുടെ കാലത്ത് ഗ്രാമീണ ഗ്രാമീണ മേഖലകളില്‍ പോലും നിര്‍മ്മിച്ച ഹൈടെക് സംവിധാനത്തോടെയുള്ളതും ദേശീയപാതയെ പോലും വെല്ലുന്നതുമായ റോഡുകള്‍ കഴിഞ്ഞ 10 വര്‍ഷമായി ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട്- കാഞ്ഞങ്ങാട് പാത ദേശീയ നിലവാരത്തിലേക്കുയര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
