കാസർകോട്: മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പഴയകാല മാപ്പിളപ്പാട്ട് രചയിതാവ് ചെമനാട്ടെ എം.എച്ച്. സീതിയെ കാസർകോട് സഹിത്യവേദി അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി ആദരിക്കും. ഇന്ന് (തിങ്കൾ) വൈകിട്ട് 4.30 ന് എരുതും കടവിലെ വീട്ടിലാണ് പരിപാടി.
മഹാകവി ടി. ഉബൈദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി കവിതകളും മാപ്പിളപ്പാട്ടും രചിച്ചിരുന്നു. വടക്കെ മലബാറിലെ സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു എം.എച്ച്. സീതി.
മാപ്പിളപ്പാട്ടിൻ്റെ തനത് പാരമ്പര്യ രീതിയിൽ ഗാനങ്ങൾ രചിക്കുന്നതിൽ ഏറെ ശ്രദ്ധേയനായ മാപ്പിള കവിയാണ് സീതി.
60- 70 കാലഘട്ടത്തിൽ ആനുകാലികങ്ങളിൽ തിളങ്ങിയ യുവ എഴുത്തുകാരിൽ പ്രമുഖ നായിരുന്നു.
കാസർകോട് നഗരത്തിൽ ആദ്യമായി ഒരു പുസ്തകശാല തുടങ്ങിയത് എം.എച്ച്. സീതി ആയിരുന്നു. ഹനീസ ബുക്ക് സ്റ്റാൾ. സ്വന്തമായി എഴുതിയ മാപ്പിളപ്പാട്ടുകൾ ചെറിയ പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ടി. ഉബൈദിൻ്റെ രാഷ്ട്രീയ ഗാനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.. കെ.എം. സീതി സാഹിബ്, ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ എന്നിവരെക്കുറിച്ചുള്ള ഗാനങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു.