കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം കെ വിജയനെ തെരഞ്ഞെടുത്തു. സി പി എം ഉദുമ ഏരിയാ കമ്മറ്റി അംഗമാണ്. തിങ്കളാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിലെ എം കെ വിജയന് എട്ടും യു ഡി എഫിലെ എം കെ ബാബുരാജിന് നാലു വോട്ടും ലഭിച്ചു. കനത്ത പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ മണികണ്ഠന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ശിക്ഷിക്കപ്പെട്ട മണികണ്ഠന്‍ ആദ്യം രാജിവച്ചിരുന്നില്ല. എന്നാല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതിനെതിരെ ബ്ലോക്ക് പഞ്ചായത്തംഗമായ എം കെ ബാബുരാജ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. വാദം പൂര്‍ത്തിയായി കമ്മീഷന്റെ തീരുമാനം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മണികണ്ഠന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
മാങ്ങാട്ടെ നാരായണിയുടെയും പരേതനായ കണ്ണൻ്റെയും മകനാണ്. ഉദുമ കർഷക ക്ഷേമ സഹകരണ സംഘം ജീവനക്കാരി എൻ കെ രജിഷയാണ് ഭാര്യ. ആർദ്ര, ആരാധ്യ എന്നിവർ മക്കൾ.