കാസർകോട്: കേരളത്തിലെ ആരോഗ്യ രംഗം മോർച്ചറിയിലാണെന്നു കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രസ്താവിച്ചു. എൽ.ഡി.എഫ് സർക്കാരിനെതിരെ ഡി സി സി നേതൃത്വത്തിൽ കാസർകോട് ടൗൺഹാളിൽ നടത്തിയ സമര സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത് ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെയുളള രണ്ടു മന്ത്രിമാരുടെ അലംഭാവം കാരണമാണ്. യഥാസമയത്ത് മണ്ണുമാന്തി പരിശോധിച്ചിരുന്നുവെങ്കിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമായിരിരുന്നില്ല. ആശമാർ നടത്തുന്ന സമരം നാലു മാസം പിന്നിട്ടു. എന്നിട്ടും അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. അതേസമയം ഇഷ്ടക്കാർക്ക് ശമ്പളം വർധിച്ചു കൊടുത്തു – സണ്ണി ജോസഫ് പറഞ്ഞു. ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ ആധ്യക്ഷം വഹിച്ചു. നേതാക്കളായ എ.പി.അനിൽകുമാർ ,അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഹക്കിം കുന്നിൽ തുടങ്ങിയവർ സംസാരിച്ചു.
