കാസര്‍കോട്: നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു ഒന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു എന്ന സജീവന്റെ ജീവിതം അപസര്‍പ്പക കഥപോലെയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മംഗ്‌ളൂരുവിലും ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ചാകേസുകളുണ്ട്. ഏറ്റവും ഒടുവില്‍ ആറുമാസം മുമ്പ് കാഞ്ഞങ്ങാട്ടാണ് മോഷണക്കേസില്‍ പ്രതിയായത്. മൊബൈല്‍ മോഷണമായിരുന്നു കുറ്റം. പ്രസ്തുത കേസില്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായപ്പോള്‍ ഇനിയൊരിക്കലും മോഷണത്തിനു പോകില്ലെന്നും തൊഴില്‍ ചെയ്തു ജീവിച്ചുകൊള്ളാമെന്നുമാണ് ഇരിട്ടി സ്വദേശിയായ കുരുവി സജു പൊലീസിനു നല്‍കിയ ഉറപ്പ്. പൊലീസിന്റെ ഉറക്കം കെടുത്തുന്ന സജു പുതിയ ജീവിതത്തിലേയ്ക്ക് കൂടുമാറിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് വിലയിരുത്തിയത്. എന്നാല്‍ കാസര്‍കോട് സ്വദേശിനിയായ ഒരു സ്ത്രീക്കൊപ്പം കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ച സജു വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് തിരികെ പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ വ്യക്തമായത്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ രാജാ റോഡിലുള്ള പെട്രോള്‍ പമ്പില്‍ എത്തിയ കുരുവി സജു കുടമറച്ചു പിടിച്ച് മേശവലിപ്പില്‍ നിന്നു ഒന്നര ലക്ഷം രൂപ കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ സമീപത്തെ ക്ഷേത്രത്തിലേയ്ക്കുപോയ തക്കത്തിലായിരുന്നു കവര്‍ച്ച. മേശവലിപ്പിലെ പണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞതോടെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ ഒരാള്‍ കുടമറച്ചു പിടിച്ച് പണം കവരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസെത്തി സമീപത്തെ മറ്റു ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണത്തിനു പിന്നില്‍ കുരുവി സജുവാണെന്നു ഉറപ്പിച്ചു. തുടര്‍ന്ന് ഡിവൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ നീലേശ്വരം എസ് ഐ. രതീഷ്, ഹൊസ്ദുര്‍ഗ്ഗ് എസ് ഐ ശാര്‍ങ്ധരന്‍ എന്നിവര്‍ മോഷ്ടാവിനെ പിടികൂടാന്‍ വല വിരിച്ചു. കവര്‍ച്ചാ മുതലുകള്‍ ഉപയോഗിച്ച് മുന്തിയ ഇനം മദ്യം മാത്രം ഉപയോഗിക്കുന്നത് സജുവിന്റെ സ്വഭാവമാണ്. മംഗ്‌ളൂരുവിലെ കുപ്രസിദ്ധ കേന്ദ്രത്തില്‍ എത്തി സ്ത്രീകള്‍ക്കായി പണം ചെലഴിക്കുന്നതും ഇയാളുടെ രീതിയാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സ്വഭാവ സവിശേഷതകളുടെ പശ്ചാത്തലത്തില്‍ സജുവിന്റെ ഫോട്ടോ ജില്ലയിലെ മുഴുവന്‍ ബാറുകളിലും പൊലീസ് എത്തിച്ചു. പൊലീസിന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. പാലക്കുന്നിലെ ബാറില്‍ നിന്നു മദ്യപിച്ച് കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ശനിയാഴ്ച രാത്രിയോടെ കുരുവി സജു പൊലീസ് ഒരുക്കിയ കൂട്ടില്‍ വീഴുകയും ചെയ്തു. പിടിയിലാകുമ്പോള്‍ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ച്ച ഒന്നരലക്ഷം രൂപയില്‍ 28,000 രൂപ മാത്രമാണ് സജുവിന്റെ കൈവശം ഉണ്ടായിരുന്നത്. ബാക്കി തുക എവിടെയെന്നു പൊലീസ് ചോദിച്ചപ്പോള്‍ ചെലവായെന്നാണ് മൊഴി നല്‍കിയതത്രെ. 8000 രൂപ മുതല്‍ 10,000 രൂപ വരെ മംഗ്‌ളൂരുവിലെ എട്ടു സ്ത്രീകള്‍ക്ക് നല്‍കിയെന്നും മൊഴി നല്‍കി. സജുവിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
