കാസര്‍കോട്: ജോലിക്കു പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ സ്ഥലഉടമയായ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മടിക്കൈ, എരിക്കുളം, തീര്‍ത്ഥങ്കര കണ്ടത്തില്‍പുരയില്‍ ഹൗസില്‍ കെ പി ശ്രീജിത്തിന്റെ ഭാര്യ കെ സി രേഷ്മ (35)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച രാവിലെ ജോലിക്കായി നടന്നുപോകുന്നതിനിടയില്‍ സജിത്തിന്റെ ഭാര്യ രേവതിയാണ് അക്രമിച്ചതെന്നു പരാതിപ്പെട്ടു. രേവതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടി രേഷ്മ നടന്നുപോകുന്ന വിരോധമാണ് അക്രമത്തിനു കാരണമെന്ന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ചെമ്മണ്‍ റോഡില്‍ വച്ച് രേഷ്മയെ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് മുഖത്തും പുറത്തും അടിക്കുകയും ചവിട്ടുകയും അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞു.
