കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി ലോഡ്ജുകളില്‍ പൊലീസ് റെയ്ഡ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ ലോഡ്ജുകളിലും വെള്ളിയാഴ്ച രാത്രി ഒരേ സമയത്തായിരുന്നു പൊലീസിന്റെ പരിശോധന നടന്നത്.
പരിശോധനയില്‍ വിവിധ കേസുകളില്‍ വാറന്റായി ഒളിവില്‍ കഴിയുന്ന നിരവധി പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ലോഡ്ജുകളില്‍ മുറിയെടുത്ത് ഉല്ലസിക്കാന്‍ എത്തിയ പലരും പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങി. ഇത്തരക്കാരില്‍ യുവതികളടക്കമുള്ളവരും ഉണ്ടായിരുന്നു. ലോഡ്ജുകളിലെ പരിശോധനയ്‌ക്കൊപ്പം വാഹന പരിശോധനയും ഉണ്ടായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. പൊതു സ്ഥലത്തിരുന്ന് മദ്യപിക്കുകയും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചവരും പൊലീസ് പരിശോധനയില്‍ കുടുങ്ങിയിരുന്നു. ശനിയാഴ്ച വൈകിട്ടാണ് കേന്ദ്രമന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തുന്നത്. സന്ദര്‍ശനം കണക്കിലെടുത്തു വലിയ സുരക്ഷയാണ് തളിപ്പറമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
