കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം വാക്കു പാലിച്ചു. തെക്കില്‍ ടാറ്റ ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടന്ന 400 കെവിഎ ജനറേറ്റര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ജനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘോടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.
വൈദ്യുതി മുടങ്ങിയാല്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള ജനറേറ്റര്‍ 11 കി.മീറ്റര്‍ അപ്പുറത്തുള്ള ടാറ്റാ ആശുപത്രിയില്‍ നിന്ന് കൊണ്ടു വരുന്നതിനു 8 മാസം മുന്‍പ് കലക്ടര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് കൊണ്ടുവരുന്നതിനുള്ള ചെലവ് 10 ലക്ഷത്തോളം രൂപ അനുവദിക്കാത്തത് തടസ്സമായി. ഇതിനെ തുടര്‍ന്ന് ആവശ്യമായ തുക നഗരസഭ അനുവദിക്കുമെന്ന് ചെയര്‍മാന്‍ വാക്കു നല്‍കി. ഈ തുക നഗരസഭയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതോടെ ക്രെയിന്‍ മുഖേന ജനറേറ്റര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ ഒരുക്കുന്നതിന് 75,000 രൂപ ആശുപത്രി വികസനസമിതിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ചു. ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ആശുപത്രി വികസനസമിതി അംഗം ഭാസ്‌ക്കരന്‍, ജവാദ് പുത്തൂര്‍, നഴ്സിംഗ് സൂപ്രണ്ട് ലത, പി.ആര്‍.ഒ സല്‍മ, ബാല സുബ്രഹ്‌മണ്യം, രാധാകൃഷ്ണന്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു.
