കാസര്‍കോട്: നായക്‌സ് റോഡ് കേരള ബാങ്ക് പരിസരം മുതല്‍ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ വരെയുള്ള തുടര്‍ച്ചയായ ട്രാഫിക് തടസ്സവും റോഡിന്റെ ശോചനീയതയും ഉടന്‍ പരിഹരിക്കണമെന്നു മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുടിവെള്ള പദ്ധതിയുടെ പേരുപറഞ്ഞു പൊളിച്ചു മറിച്ച ശേഷം മേല്‍ഭാഗം മണ്ണിട്ടുറപ്പിക്കാതെ ഉപേക്ഷിച്ചതിനാലാണ് റോഡിന്റെ ഒരു ഭാഗം മുഴുവന്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പുതിയ ബസ് സ്റ്റാന്റില്‍ നിന്നു കാഞ്ഞങ്ങാട്ടു ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കറന്തക്കാട്ടു നിന്നു ബാങ്ക് റോഡ്- നായക്‌സ് റോഡിലൂടെ പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലേക്കു പോകുന്നതും ഗതാഗത തടസ്സം സ്ഥായിയാക്കുന്നു. പൊട്ടിപ്പൊളിച്ചിരിക്കുന്ന റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുകയും റോഡിന്റെ വീതി കൂട്ടി ഗതാഗതം സുഗമമാക്കുകയും ചെയ്തില്ലെങ്കില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിച്ചു. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പഴയ ബസ്സ്റ്റാന്റ് പരിസരത്തെ തെരുവുകച്ചവടക്കാരെ ഒഴിവാക്കണമെന്നു യോഗം ആവശ്യമുന്നയിച്ചു. ഇക്കാര്യത്തില്‍ അധികൃതര്‍ നടത്തുന്ന ഉരുണ്ടുകളി ബാഹ്യസമ്മര്‍ദ്ദങ്ങളോടുള്ള വിധേയത്വമാണെന്നു സംശയമുണ്ടാക്കുന്നു-യോഗം ചൂണ്ടിക്കാട്ടി.
