കാസര്‍കോട്: മൊഗ്രാല്‍ സ്‌കൂള്‍ വികസന ഫണ്ടില്‍ നിന്ന് 35ലക്ഷം രൂപ പിന്‍വലിച്ച മുന്‍ വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ അനിലിനെതിരെ മുന്‍ എസ്എംസി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, എസ്.എം.സി ചെയര്‍മാന്‍ ആരിഫ് എന്നിവര്‍ കുമ്പള പോലീസില്‍ പരാതി നല്‍കി. സ്‌കൂളില്‍ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിടിഎ വിജിലന്‍സിനും,ഡി ഡി ക്കും,പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ പിടിഎ യോഗത്തിലാണ് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ ഹെഡ്മാസ്റ്റര്‍ സുകുമാരന്‍, തന്റെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റിന് വിധേയമാക്കിയപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയത്. ഇത് പിടിഎ യോഗത്തില്‍ വലിയ ഒച്ചപ്പാടിനും വഴിവെച്ചു. പിന്നീട് പിടിഎ അംഗങ്ങള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം പിന്‍വലിച്ചതായും കണ്ടെത്തി. അതിനിടെ പിടിഎ യോഗത്തില്‍ അധ്യാപകര്‍ മൗനം പാലിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി.
2023-24, 24-25 വര്‍ഷങ്ങളിലെ സ്‌കൂള്‍ വികസനത്തിനായുള്ള എസ്എസ്‌കെ ഫണ്ട് ഉള്‍പ്പെടെയുള്ള തുകയാണ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തിരിമറി നടത്തിയത്. ചെക്ക് ലീഫില്‍ തങ്ങള്‍ ഇട്ടു കൊടുത്ത ഒപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് എസ്.എം.സി ചെയര്‍മാന്‍മാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.വ്യാജ ഒപ്പിട്ടും പണം പിന്‍വലിച്ചിട്ടുണ്ട്. സ്‌കൂളിലെ ദൈനംദിന ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ചെറിയ തുക എഴുതി ഒപ്പിട്ട ചെക്കില്‍ പിന്നീട് വലിയ തുക എഴുതി ലക്ഷങ്ങള്‍ തിരിമറി നടത്തി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് എസ്.എം.സി മുന്‍ ചെയര്‍മാന്‍ ഹാദി തങ്ങളും ആരിഫും പറയുന്നത്. അനിലിനോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നു കരുതുന്നു.
സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം, പഠനോപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് തുടങ്ങി സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളില്‍ നിന്നാണ് മുന്‍വര്‍ഷം 13 ലക്ഷം രൂപയും, ഈ വര്‍ഷം 22 ലക്ഷം രൂപയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തതെന്നാണ് പരാതി. വിഷയത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
