കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള്‍ പുനഃരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്‍ദ്ദേശം നല്‍കിയത്. പൂച്ചക്കാട്, റഹ്‌മത്ത് റോഡ് എര്‍ളത്ത് ഹൗസില്‍ കെ.എം മുഹമ്മദ് കുഞ്ഞി (50), റഷീദ് മന്‍സിലിലെ ഫൈസല്‍ അലിയുടെ ഭാര്യ ജമീല (28) എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
2025 ഫെബ്രുവരി 11ന് ആണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം. ജമീലയും കുടുംബവും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി സിറ്റൗട്ടില്‍ ഉണ്ടായിരുന്ന സോഫയ്ക്ക് തീ വച്ചുവെന്നും വീടിനും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ടാക്കി മൂന്നു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ചിത്താരിയില്‍ നടന്ന ഫുട്‌ബോള്‍ കളിക്കിടെ പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയ വിരോധമാണ് കാരണമെന്നു പരാതിയില്‍ പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 19ന് ആണ് രണ്ടാമത്തെ കേസിനു ആസ്പദമായ സംഭവം നടന്നത്. ഫൈസല്‍ അലിയുടെ ജ്യേഷ്ഠന്‍ മുഹമ്മദ് കുഞ്ഞി എന്നയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ചേറ്റുകുണ്ടില്‍ വച്ച് കാറിടിച്ചു വീഴ്ത്തി ആക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ഇരു കേസുകളിലും പ്രതികളായ ഏതാനും പേരെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
