കാസര്‍കോട്: പതിമൂന്നുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്‌സോ, ഐ.ടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കാസര്‍കോട്, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം ബന്ധുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ ചിത്രം ഏതോ മാര്‍ഗത്തില്‍ കൂടി കൈക്കലാക്കിയ പ്രതി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്നു വ്യക്തമല്ല. പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്താലേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
