കാസര്‍കോട്: പട്ടാപ്പകല്‍ വാടക വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തു കടന്ന് മൂന്നു പവനോളം തൂക്കമുള്ള നെക്‌ലേസ് കവര്‍ച്ച ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍വാസിയുമായ ഗണപതി (30)യാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ബുധനാഴ്ച രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോണല്‍ നിഷാദും കുടുംബവും താമസിക്കുന്ന കണ്വതീര്‍ത്ഥയിലെ വാടക വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുപവനോളം തൂക്കമുള്ള സ്വര്‍ണ്ണാഭരണമാണ് മോഷണം പോയത്.
സോണല്‍ നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്. തൊണ്ടിമുതല്‍ കണ്ടെടുത്ത ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
