കാസര്‍കോട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിരിക്കുളം, പെരിയാല്‍ ഹൗസില്‍ അജിത്ത് ബാലചന്ദ്ര(42)നെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് സ്വമേധയാ കേസെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോളംകുളം റോഡില്‍ കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പ്രതി. ഈ സമയത്ത് ബിരിക്കുളം, പോടോടുക്കം ചാമുണ്ഡേശ്വരി ക്ഷേത്രം ബസ് സ്‌റ്റോപ്പിനു സമീപത്ത് എത്തിയപ്പോള്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് ബൈക്കിലെത്തിയ അജിത്ത് ബാലചന്ദ്രനെ പൊലീസ് കൈ കാണിച്ചു നിര്‍ത്തി. മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള ശ്രമത്തിനിടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷിന്റെ കൈ പിടിച്ച് തിരിക്കുകയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിക്കുകയുമായിരുന്നുവെന്നു വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നു ഓടിപ്പോയ പ്രതിയെ പിടികൂടാന്‍ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ലെന്നും കേസില്‍ പറയുന്നു. പ്രതിയുടെ ബൈക്കും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
