കാസര്‍കോട്: റോഡിന്റെ ദുരവസ്ഥ അണങ്കൂര്‍ ബെദിരയില്‍ വ്യാഴാഴ്ച ജനങ്ങളെ മുള്‍മുനയില്‍ എത്തിച്ചു. നാട്ടുകാര്‍ ഭയക്കുകയും പരിഭ്രമിക്കുകയും ചെയ്തു. ഒടുവില്‍ ബദിര-താനിയത്ത് റോഡ് അടച്ചു ജനങ്ങളുടെ ഗതാഗതം മുട്ടിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ബദിര ജുമാമസ്ജിദിന്റെ കോണ്‍ക്രീറ്റിനു, കോണ്‍ക്രീറ്റ് മിക്സുമായെത്തിയ വാഹനം കുഴിയില്‍ വീണു തോട്ടിലേക്കു ചരിഞ്ഞു ഏതു നിമിഷവും തോട്ടിലേക്കു വീഴാമെന്ന നിലയിലാവുകയായിരുന്നു. ഒരു തരത്തിലും വാഹനം ആ നിലയില്‍ നിന്നു മാറ്റാന്‍ കഴിയാതെ വന്നതോടെ ലോറി എടുത്തുയര്‍ത്തി മാറ്റിവയ്ക്കാന്‍ മസ്ജിദ് കമ്മിറ്റി ഒരു ക്രെയിന്‍ സ്ഥലത്തെത്തിച്ചു. ലോറി എടുത്തുയര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നതിനു മുമ്പു തന്നെ ക്രെയിനും കുഴിയില്‍ കുടുങ്ങുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ജുമാമസ്ജിദ് കമ്മിറ്റി റോഡടച്ചു.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍പ്പെട്ട റോഡാണിത്. മുനിസിപ്പല്‍ പരിധിയില്‍ റോഡുകളുടെ നില അതീവ ശോചനീയമാണെന്നു ആരോപിച്ചു ബിജെപി മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. ബദിര-താന്നിയത്തു റോഡിലെ കുഴിയില്‍ ബസുകളുള്‍പ്പെടെ മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെടുന്നതു പതിവാണെന്നു നാട്ടുകാര്‍ പറയുന്നു.
