കാസര്‍കോട്: പണിമുടക്കിനിടയില്‍ വാഹനങ്ങള്‍ തടഞ്ഞവരെ മാറ്റാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ സെക്രട്ടറിയെയും രണ്ടു പ്രവര്‍ത്തകരെയും റിമാന്റു ചെയ്തു. സിപിഎം പുത്തിഗെ ലോക്കല്‍ സെക്രട്ടറി അരിയപ്പാടിയിലെ കെ.എ സന്തോഷ് കുമാര്‍ (44), ഷേണി ബാഡൂര്‍ ഹൗസിലെ പിഎം ബിനീഷ് (37), മുഗു, പാടലടുക്കയിലെ മധുസൂദനന്‍ (37) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച നടത്തിയ ദേശീയ പണിമുടക്കിനിടയില്‍ സീതാംഗോളി ടൗണിലാണ് കേസിനാസ്പദമായ സംഭവം. പണിമുടക്കിനിടയില്‍ എത്തിയ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച എ.എസ്.ഐ ബാബുരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ ഫെബിന്‍ എന്നിവരെ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. പൊലീസുകാരെ ആക്രമിച്ചുവെന്ന വിവരമറിഞ്ഞ് എത്തിയ എസ്.ഐ കെ. ശ്രീജേഷിനെ തള്ളിമാറ്റുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
അതേ സമയം സീതാംഗോളിയില്‍ പ്രകടനം നടത്തിയ സിഐടിയു പ്രവര്‍ത്തകര്‍ക്കു നേരെ ബോധപൂര്‍വ്വം മര്‍ദ്ദനം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
