കാസര്‍കോട്: ബ്രാഹ്‌മണരുടെ മതപരമായ പ്രധാന ആഘോഷമായ ആവണി അവിട്ടത്തിനു പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ള എഴുത്തു പരീക്ഷ മറ്റൊരു ദിവസത്തേക്കു മാറ്റി വയ്ക്കണമെന്നു കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത് നേതാവ് ഡി ജയനാരായണ മുഖ്യമന്ത്രി, പി എസ് സി ചെയര്‍മാന്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ചു.
ആഘോഷദിവസമായ ആഗസ്റ്റ് ഒമ്പതിനു സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസി. സെയില്‍സ്മാന്‍ തസ്തികയിലേക്കാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിട്ടുള്ളതെന്ന് നിവേദനത്തില്‍ പറഞ്ഞു. ബ്രാഹ്‌മണ വിഭാഗത്തിന്റെ വിശേഷ ദിവസമായ ആവണി അവിട്ടം സര്‍ക്കാര്‍ നിയന്ത്രിത അവധിദിവസമാണ്. സമുദായ പരമായ പ്രധാന വിശേഷമായ പൂണൂല്‍ ഇടല്‍ ചടങ്ങു നടക്കുന്ന പ്രസ്തുത ദിവസം പരീക്ഷ നടത്തിയാല്‍ അതു ബ്രാഹ്‌മണ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസര നിഷേധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക നീതി പുലര്‍ത്തേണ്ട സര്‍ക്കാര്‍ ബ്രാഹ്‌മണരോടു നീതി കാണിക്കുന്നില്ലെന്ന തോന്നല്‍ ഇപ്പോഴത്തെ നടപടി ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
