കാസര്‍കോട്: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കിളച്ചിട്ട റോഡ് മൂടിയില്ല. ഒരു മാസം പിന്നിട്ടിട്ടും നിര്‍മാണം പാതി വഴിയിലായത് സമീപത്തെ വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. ഒരുമാസം മുമ്പാണ് കാസര്‍കോട് എംജി റോഡില്‍ സുല്‍ത്താന്‍ ജ്വല്ലറിക്ക് മുന്നിലായി റോഡ് പ്രവൃത്തികള്‍ക്കായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നത്. രണ്ടാഴ്ച കാത്തിരുന്നിട്ടും നിര്‍മ്മാണ പ്രവൃത്തികളുടെ മെല്ലെ പോക്ക് കാരണം വ്യാപാരികള്‍ കട തുറക്കുകയും, ചെറിയതോതില്‍ കുഴികള്‍ മൂടുകയും ചെയ്തിരുന്നു. റോഡ് തകര്‍ന്നുകിടക്കുന്നത് കാരണം കാല്‍നടയാത്രക്കാര്‍ ഇതുവഴി പോകാന്‍ മടിക്കുന്നത് കച്ചവടത്തെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. വിഷയം നഗരസഭ അധികൃതരോടും, ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതരോടും പല പ്രാവശ്യം സൂചിപ്പിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.കുടിവെള്ള പൈപ്പ് ലൈന്‍ പുന: സ്ഥാപിക്കാനായിരുന്നു റോഡ് കളച്ചിട്ടത്.പൈപ്പ് പുനസ്ഥാപിച്ചെങ്കിലും കുഴി മൂടുകയോ റോഡ് റീ-ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കുകയോ ചെയ്തിട്ടില്ല.ഇതാണ് വ്യാപാരികള്‍ക്ക് ദുരിതമാകുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ കാസറഗോഡ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെയും വിവരം അറിയിച്ചിരുന്നു. മാസങ്ങളായിട്ടുള്ള കച്ചവടത്തിലെ അനിശ്ചിതത്വം മൂലം വാടകയും ശമ്പളവുമൊക്കെ എങ്ങനെ കൊടുക്കാനാകുമെന്ന സങ്കടത്തിലാണ് വ്യാപാരികള്‍. വാങ്ങിവെച്ച സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നു. വലിയ നഷ്ടമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. റോഡ് അടിയന്തരമായി റീ ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
