കാസര്‍കോട്: കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ പരക്കെ കവര്‍ച്ച. മഞ്ചേശ്വരം, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കവര്‍ച്ച നടന്നത്.
മഞ്ചേശ്വരം, കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥയില്‍ പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ അഴികള്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവനോളം തൂക്കമുള്ള സ്വര്‍ണ്ണ നെക്‌ളേസ് കവര്‍ന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോണല്‍ നിഷാദും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് മുറിയിലാണ് കവര്‍ച്ച. ബുധനാഴ്ച്ച രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, ബേളയിലെ ജയപ്രസാദ് ആള്‍വയുടെ വീട്ടില്‍ നിന്നു അഞ്ചു പവന്‍ സ്വര്‍ണ്ണവും 80,000 രൂപയും കവര്‍ച്ച പോയി. പരാതിക്കാരനും കുടുംബവും ഒരു മാസമായി ബംഗ്‌ളൂരുവിലുള്ള മക്കളുടെ വീട്ടില്‍ ആയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറു അലമാരകള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ജയപ്രസാദ് ആള്‍വ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരിക്കാടി, ഹനുമാന്‍ ക്ഷേത്രത്തിനു സമീപം ദേശീയ പാതയോരത്തുള്ള പരേതനായ അബ്ദുല്‍ റഹ്‌മാന്റെ വീട്ടിലും കവര്‍ച്ച നടന്നു. വാതില്‍ തകര്‍ത്ത് ഇരുനില വീടിന്റെ അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകളെല്ലാം കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അകത്തുണ്ടായിരുന്ന വിലയേറിയ വാച്ചും സി സി ടി വി ക്യാമറയുടെ ഡിവി ആറും നഷ്ടപ്പെട്ടു.
അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ നബീസയും മക്കളും മരുമക്കളുമാണ് വീട്ടില്‍ താമസം. കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേയ്ക്ക് പോയ നബീസയും കുടുംബവും വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
കുമ്പള എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
