കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ സംഘം യുവാവിനെയും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ഗേരുക്കട്ടയിലെ അബൂബക്കര്‍ സിദ്ദിഖ് എന്ന സദ്ദാമി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ബുധനാഴ്ച രാത്രി എട്ടരമണിയോടെ മഞ്ചേശ്വരം, ഗോവിന്ദപൈ കോളേജിലേക്കുള്ള സര്‍വ്വീസ് റോഡിലാണ് സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സദ്ദാം. ഇതിനിടയില്‍ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ ഒരു സംഘം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സദ്ദാമിനെ അരികിലേക്ക് വിളിക്കുകയായിരുന്നുവെന്നു പറയുന്നു. സംസാരിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും സദ്ദാം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നുവത്രെ. അക്രമികള്‍ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു സഹോദരി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്ത പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ കാറിനെ പിന്തുടര്‍ന്നു രാത്രി 11. 30 മണിയോടെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും സദ്ദാമിനെയും കാസര്‍കോട്, നായന്മാര്‍മൂലയില്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കൂട്ടിച്ചേര്‍ത്തു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
