കാസർകോട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനമായി ഇരട്ട നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച ബി എം സി യായി കാസർകോട് ജില്ലാ പഞ്ചായത്ത് ബി എം സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഹരിത വിദ്യാലയമായി ജി എഫ് എച്ച് എസ് എസ് ബേക്കൽ തെരഞ്ഞെടുക്കപ്പെട്ടു.
ജൈവവൈവിധ്യ സംരക്ഷണത്തിൽ രാജ്യത്ത് തന്നെ മാതൃകയാകുന്ന വിധത്തിൽ വേറിട്ടതും ശ്രദ്ധേയവുമായ കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് അവാർഡിനു അർഹമായത്. ജില്ലയിലെ മുഴുവൻ ബി എം സി കളെയും ശാക്തീകരിക്കുന്നതിനായി എല്ലാ വർഷവും ജില്ലാപഞ്ചായത്ത് ബി എം സിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടികൾ നടത്തിവരുന്നു. രാജ്യത്താദ്യമായി ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയും ജീവിയുമുള്ള ജില്ലയായി 2023 ൽ കാസർകോടിനെ പ്രഖ്യാപിച്ചിരുന്നു. കാഞ്ഞിരമരം ജില്ലാ വൃക്ഷവുമായും പെരിയ പോളത്താളി ജില്ലാ പുഷ്പമായും വെള്ള വയറൻ കടൽപ്പരുന്ത് പക്ഷിയായും പാലപ്പൂവൻ ആമ ജില്ലാ ജീവിയായും പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ കാർഷീക ജൈവവൈവിധ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ആ മേഖലയിലെ ചില സ്പീഷീസുകളെ കൂടി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.2023 മുതൽ ജില്ലാതലത്തിൽ ആദ്യമായി ജൈവവൈവിധ്യ അവാർഡ് നൽകുന്ന ജില്ലാപഞ്ചായത്ത് ബി എം സി എന്ന ഖ്യാതി കൂടി കാസർകോട് നേടിയിരുന്നു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ സഹകരത്തോടെ ജില്ലാപഞ്ചായത്ത് സ്കൂളുകളിൽ ഫലവൃക്ഷ തോട്ടങ്ങൾ തയ്യാറാക്കുന്നതിലേക്ക് നടപ്പിലാക്കിയ മധുരവനം പദ്ധതിയും ശ്രദ്ദേയമായിരുന്നു. ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ജില്ലയുടെ സവിശേഷവും പ്രധാനപ്പെട്ടതുമായ ചെങ്കൽ കുന്നുകളുടെ ശോഷണം നാൾക്കുനാൾ കൂടി വരുന്ന സാഹചര്യത്തിൽ ലാറ്ററെറ്റ് റിസർവ് ആയ ചെങ്കൽ കുന്നിനെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളും ജില്ലാപഞ്ചായത്ത് ബി എം സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. പരിസ്ഥിതി പുന:സ്ഥാപനത്തിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത വിവിധ പ്രൊജക്ടുകൾ ഈ നേട്ടത്തിന് അർഹമാക്കി.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച ജൈവവൈവിധ്യ സ്കൂൾ ആയി ബേക്കൽ ഗവൺമെൻറ് ഫിഷറീസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. പൈതൃക വാഴ സംരക്ഷണ കേന്ദ്രം എന്ന നിലയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അപൂർവ്വ ഇനങ്ങൾ ഉൾപ്പെടെ നാൽപതോളം വാഴയിനങ്ങളെ സ്കൂൾ വളപ്പിൽ സംരക്ഷിക്കുകയും അപൂർവ വൃക്ഷ ഇനങ്ങളെ സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി തുടങ്ങിയ നഴ്സറിയിലൂടെ 2500 വൃക്ഷത്തൈകൾ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്ക് നൽകി. ബേക്കൽ പുഴയുട തീരത്ത് നാലേക്കറോളം വരുന്ന സ്ഥലത്ത് നടത്തിയ കണ്ടൽത്തുരുത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കൂളിൻ്റെ അവാർഡിന് മാറ്റു കൂട്ടി.നക്ഷത്ര വനത്തിലെ മരങ്ങൾ അടക്കം സ്കൂളിൽ അപൂർവ്വയിനം മരത്തൈകൾ നട്ട് പരിപാലിക്കുന്നുണ്ട്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.