കാസർകോട്: കാറിൽ കടത്തുകയായിരുന്ന 256.02 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ അറസ്റ്റിൽ . മുളിയാർ, പൊവ്വൽ , സയ്യദ് മഹലിലെ മുഹമ്മദ് ഡാനിഷ് (30), ചെങ്കള ,ആലംപാടിയിലെ അബ്ദുൽ ഖാദർ (40) എന്നിവരെ ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ പെരിയ , മുത്തനടുക്കം, പുളിക്കാലിൽ വച്ചാണ് ബേക്കൽ എസ് ഐ .എം . സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം പുളിക്കാലിൽ എത്തി കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്. ഹൊസ്ദുർഗ് താഹസിൽദാറുടെ സാന്നിധ്യത്തിൽ പ്രതി കളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾക്കായി ബേക്കൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
