കാസര്‍കോട്: മുള്ളേരിയയ്ക്ക് സമീപത്തെ പൂവടുക്ക -അടുക്കത്തൊട്ടി റോഡില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങി. എട്ടു പോത്തുകളാണ് തിങ്കളാഴ്ച വൈകുന്നേരം റോഡിലേയ്ക്ക് എത്തിയത്. ഈ സമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്നവര്‍ വാഹനം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. ആള്‍ക്കാരെയും വാഹനങ്ങളെയും കണ്ടിട്ടും റോഡില്‍ നിന്നു മാറാന്‍ പോത്തുകള്‍ കൂട്ടാക്കിയില്ല. ഏറെ നേരം കഴിഞ്ഞാണ് പോത്തുകള്‍ കാട്ടിനകത്തേയ്ക്ക് കയറി പോയത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടുപോത്തുകളെ കൂട്ടത്തോടെ കാണുന്നുണ്ടെന്നു യാത്രക്കാര്‍ പറഞ്ഞു. ജാല്‍സൂര്‍- ചെര്‍ക്കള അന്തര്‍ സംസ്ഥാന പാതയില്‍ നിന്നു 50 മീറ്റര്‍ മാറിയാണ് പടുവടുക്ക- അടുക്കത്തൊട്ടി റോഡില്‍ കാട്ടുപോത്തുകളെ കൂട്ടത്തോടെ കണ്ടത്.
