കാസര്‍കോട്: ബേക്കല്‍, തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കടലാക്രമണം ചൊവ്വാഴ്ച രാവിലെയോടെ കൂടുതല്‍ രൂക്ഷമായി. ചൊവ്വാഴ്ച മാത്രം രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ നമസ്‌കാര മണ്ഡപവും കടലാക്രമണ ഭീഷണിയിലാണ്. മണ്ഡപത്തിനു ചുറ്റും കല്ലുകള്‍ കൂട്ടിയിട്ടാണ് താല്‍ക്കാലിക കവചം തീര്‍ത്തിട്ടുള്ളത്. മണ്ഡപത്തിന്റെ തെക്കു ഭാഗത്ത് കടല്‍ കരയിലേക്ക് കൂടുതല്‍ കയറിയതാണ് കെട്ടിടങ്ങള്‍ തകരാന്‍ ഇടയാക്കിയത്. കടലും കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയും തമ്മിലുള്ള അകലം വെറും പത്തു മീറ്റര്‍ മാത്രമായി ചുരുങ്ങി. ഈ സ്ഥിതി തുടര്‍ന്നാല്‍ റോഡിനെ കടലെടുക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തു ക്യാമ്പു ചെയ്തിട്ടുണ്ട്.
