കുമ്പള: കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി കിളച്ചു മറിച്ച കോണ്‍ക്രീറ്റ് റോഡ് ഭാഗികമായി മാത്രം മൂടി ഉപേക്ഷിച്ചതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീണു പതിവായി തകര്‍ന്നു നശിക്കുന്നു. കാല്‍നടയാത്രക്ക് നാട്ടുകാര്‍ വിഷമിക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായി നില്‍ക്കുന്നു. കുടിവെള്ളം വിതരണം ചെയ്യാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്തു മണ്ണില്‍ അലിയുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജനക്ഷേമം കണ്ടു നാട്ടുകാര്‍ അമര്‍ഷം കൊള്ളുന്നു. കരാറുകാരനെതിരെ നാട്ടുകാര്‍ വഴി തടസ്സപ്പെടുത്തുന്നതിനു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.
കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ മൊഗ്രാലില്‍ കോണ്‍ക്രീറ്റ് ചെയ്തതും,ടാറിങ് നടത്തിയതുമായ നിരവധി ലിങ്ക് റോഡുകള്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡ് തകര്‍ത്ത ശേഷം ഭാഗികമായി മാത്രം മണ്ണിട്ടു മൂടി സ്ഥലംവിട്ട കരാറുകാരനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുള്ളത്.
പഴയതും, പുതിയതുമായ നിരവധി റോഡുകളാണ് ഇത്തരത്തില്‍ കുഴിയെടുത്തു കരാറുകാരന്‍ സ്ഥലംവിട്ടത്. ഇത്തരം റോഡുകളില്‍ വാഹനങ്ങള്‍ വീണു കേടുപാട് സംഭവിക്കുന്നത് നിത്യസംഭവമായതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. കാറിന് വലിയ കേടുപാട് സംഭവിച്ച മൊഗ്രാലിലെ എം എ അബൂബക്കര്‍ സിദ്ദീഖ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. ഗോവയിലെ നൂറുദ്ദീനാണ് കരാറുകാരന്‍ എന്നു പറയുന്നു.
കേടുപാട് സംഭവിച്ച കാറുകള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും, റോഡുകള്‍ പഴയതുപോലെ കോണ്‍ഗ്രീറ്റ് ചെയ്‌തോ,ടാറിങ് ചെയ്‌തോ ഗതാഗത യോഗ്യമാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനും, ടെലികോം കേബിള്‍ സ്ഥാപിക്കാനും റോഡ് തകര്‍ത്തു കുഴിയെടുക്കുന്നവര്‍ അത് പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന് നേരത്തെ ജില്ലാ കലക്ടറും നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും കരാറുകാരുടെ അലംഭാവം തുടരുന്നു. അധികൃതര്‍ അത് നോക്കിയിരുന്നു കരാര്‍ തുക കൊടുത്തുകൊണ്ടിരിക്കുന്നു.
മൊഗ്രാലില്‍ ഇതിനുമുമ്പും നിരവധിതവണ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ കിളച്ച് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചതല്ലാതെ ഒരു തുള്ളി വെള്ളം പോലും നാട്ടുകാര്‍ക്ക് പ്രസ്തുത പൈപ്പിലൂടെ വന്നിട്ടില്ല. നാട്ടുകാരുടെ കാത്തിരിപ്പ് വെറുതെയായിരുന്നു. മുമ്പ് സ്ഥാപിച്ച എല്ലാ പൈപ്പുകളും മണ്ണിനോട് ചേര്‍ന്ന് നശിച്ചു. വീണ്ടും, വീണ്ടും പൈപ്പുകള്‍ സ്ഥാപിച്ച് കരാറുകാര്‍ക്ക് കീശ വീര്‍പ്പിക്കുന്ന നടപടി പുനഃ പരിശോധിക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
