കാസര്‍കോട്: കയ്യാറില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. പ്രതി എക്‌സൈസിനെ കണ്ട് രക്ഷപ്പെട്ടു. പ്രതി കയ്യാര്‍ സ്വദേശി ചന്തു എന്ന ചന്ദ്രഹാസയെ അധികൃതര്‍ തെരയുകയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് എക്‌സൈസ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സുധീന്ദ്രനും സംഘവും സ്ഥലത്തെത്തുകയായിരുന്നു. റിക്കാര്‍ഡുകളും തൊണ്ടി മുതലുകളും സാമ്പിള്‍ കുപ്പിയും കുമ്പള റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ എ ജനാര്‍ദനന്‍, ഉദ്യോഗസ്ഥരായ ആര്‍ രമേശന്‍, കെ ജിതേന്ദ്രന്‍, എല്‍ മോഹനകുമാര്‍, സി സിജിന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
