കാസര്‍കോട്: 55കാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ സിദ്ധന്‍ പിടിയില്‍. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞ പ്രതിയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കി. ആരോഗ്യനില വീണ്ടെടുത്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ തീരുമാനം. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങള്‍ (52) ആണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരി നല്‍കിയ പരാതി പ്രകാരമാണ് തങ്ങളെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തി ചികിത്സ നല്‍കുന്ന ആളാണ് ഷിഹാബുദ്ദീന്‍ തങ്ങള്‍ എന്നു പൊലീസ് പറഞ്ഞു. മന്ത്രവാദവും സിദ്ധചികിത്സയുമാണ് ഇയാളുടെ മുഖ്യ പരിപാടിയെന്നും പൊലീസ് വ്യക്തമാക്കി. മാന്ത്രികശക്തി ഉണ്ടെന്നു ഷിഹാബുദ്ദീന്‍ പറയുന്ന മാന്ത്രികവടി ഉപയോഗിച്ചാണ് ചികിത്സയുടെ തുടക്കമത്രെ. ഇത്തരത്തില്‍ ചികിത്സക്കു വിധേയയായ സ്ത്രീയാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്നു കാണിച്ച് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. ചികിത്സ തേടിയെത്തുന്നവരെ വശീകരിച്ച് വശത്താക്കി പണം തട്ടിയെടുക്കലാണ് ഇയാളുടെ സ്ഥിരം രീതിയെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതായി പറയുന്നു. ഇയാള്‍ നേരത്തെ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് സിദ്ധ ചികിത്സയും മന്ത്രവാദവും നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
