കാസര്‍കോട്: സിഗരറ്റ് വലിക്കാന്‍ വിസമ്മതിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. നീലേശ്വരം കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം സീനിയര്‍ വിദ്യാര്‍ത്ഥികളായ അന്‍വര്‍, ഗാനി, റിഷി തുടങ്ങി ഏഴു പേര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ജൂണ്‍ 30 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡില്‍ വച്ചാണ് പരാതിക്കാരനെ സിഗരറ്റ് വലിപ്പിക്കുവാന്‍ നിര്‍ബന്ധിച്ചതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരന്‍ ഇത് നിഷേധിച്ചു. ഏഴംഗ സംഘം തന്നെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്നു പരാതിയില്‍ പറഞ്ഞു.
