തിരുവനന്തപുരം: തിയറ്ററിൽ ഭക്ഷണസാധനങ്ങൾക്കു വിലവിവരപ്പട്ടികയിൽ പ്രദർശിപ്പിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കലാഭവൻ തിയറ്ററിനെതിരെ കല്ലറ കോട്ടൂർ സ്വദേശി വഹീദ് സമർപ്പിച്ച ഹർജിയിലാണ് നടപടി.പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ ചെയർപഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. 60 രൂപ വില രേഖപ്പെടുത്തിയിരിക്കുന്ന പോപ്കോണിന് 100 രൂപ ഈടാക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ മറ്റു തിയേറ്ററുകളിലും സമാനമായ അവസ്ഥയാണുള്ളതെന്നും ഇതിൽ പറയുന്നു.
