കണ്ണൂര്‍: തട്ടുകടയിലെ കറി മോശമാണെന്നു ചൂണ്ടിക്കാട്ടിയ ആളുടെ മൂക്കിനു കുത്തുകയും ചവിട്ടുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം. ഫൈവ് സ്റ്റാര്‍ എന്നു പേരുള്ള തട്ടു കടയില്‍ നിന്നു ഭക്ഷണം കഴിക്കാനെത്തിയ മലപ്പുറം, തവനൂര്‍, കുഴിമണ്ണയിലെ വലിയോടത്ത് ഹൗസില്‍ എ.ടി സുരേഷ് ബാബു ആണ് അക്രമത്തിനു ഇരയായത്.
ഭക്ഷണം കഴിച്ചതിനു ശേഷം കറി മോശമാണെന്നു തട്ടുകടയിലെ ജീവനക്കാരോടു പറഞ്ഞപ്പോള്‍ തട്ടുകട ഉടമയും മറ്റു രണ്ടു പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയുമായിരുന്നുവെന്നു സുരേഷ് ബാബുവിന്റെ പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ജീവനക്കാരില്‍ ഒരാള്‍ തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും മൂക്കിനു കുത്തുകയും കൈ പിടിച്ച് തിരിച്ച് പുറത്തും മറ്റും ചവിട്ടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
