കാസർകോട്: ചെങ്കള ചേരൂരിൽ അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തി. 170സിലിണ്ടറുകളും ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഗ്യാസ് സിലിണ്ടർ കണ്ടെടുത്തത്. എം ഡി എം എ പിടികൂടാൻ ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തിയത്. തുടർന്ന് കാസർകോട് താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ കൃഷ്ണ നായിക്ക്, റേഷനിങ് ഇൻസ്പെക്ടർമാരായ പി കൊറഗപ്പ, ഇ പ്രഭാകരൻ, ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എച്ച്പിയുടെ 134 സിലിണ്ടറുകളും 36 വാണിജ്യ സിലിണ്ടറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകളും മറ്റ് ഉപകരണങ്ങളും താൽക്കാലികമായി സൂക്ഷിക്കാൻ ഗ്യാസ് ഏജൻസികൾക്ക് കൈമാറി. റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ കൃഷ്ണ നായിക്ക് പറഞ്ഞു.
