തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാവ് അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളാണ് ഉണ്ടായത്. തന്റെ കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥിയാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അസ്ഥി വീട്ടില്‍ സൂക്ഷിച്ചതില്‍ അന്വേഷണം വേണെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ മൂന്നു വര്‍ഷം മുമ്പാണ് സംഭവമെന്ന് പൊലീസിന് വ്യക്തമായി. അവിവാഹിതരായ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിന്റെ ആവശ്യപ്രകാരം എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്ഥി പെറുക്കിയെടുത്ത് സൂക്ഷിച്ചുവെന്നു യുവതി പറഞ്ഞു. ഈ അസ്ഥി യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി രണ്ടു വര്‍ഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ യുവാവിന് സംശയം തോന്നിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് പറയുന്നു. എന്താണ് സംഭവമെന്ന് പൊലീസിനും വ്യക്തതയില്ല. അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
