കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് മേപ്പയ്യൂര്‍ പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീടിന് സമീപത്തുനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സുഹൃത്തായ യുവതി നേരത്തെ 12 ഗ്രാം എംഡിഎംഎയുമായി പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി കെഇ ബൈജുവിന്റെ കീഴിലുള്ള ജില്ലാ നാര്‍ക്കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈ എസ്പി എന്‍ സുനില്‍ കുമാറിന്റെ കീഴിലുള്ള സ്പെഷ്യല്‍ സക്വാഡും മേപ്പയ്യൂര്‍ എസ്ഐ ഗിരീഷും ഉള്‍പ്പെട്ട സംഘമാണ് രജീഷിനെ പിടികൂടിയത്. ഇയാളെ ദിവസങ്ങളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. എന്‍ഡിപിഎസ് വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
