കൊച്ചി: നാളികേര ഉല്‍പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോര്‍ഡിലേക്ക്. ചില്ലറവിപണിയില്‍ 450 രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 ലധികം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ശനിയാഴ്ച വെളിച്ചെണ്ണ വില ക്വിന്റലിന് 38,200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38,800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.
നാളികേരത്തിന്റെയും കൊപ്രയുടെയും വില ഉയര്‍ന്നതും വെളിച്ചെണ്ണയുടെ വില കൂടിയതിനു കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലറവിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്. കിലോയ്ക്ക് 71 മുതല്‍ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില. ചില്ലറ വില്‍പന ഇതിലും കൂടുതലാണ്. ഒരു മാസത്തിനിടെ നൂറു രൂപയാണ് വെളിച്ചെണ്ണയ്ക്ക് മാത്രം വിലക്കൂടിയത്. ക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലം എത്തുമ്പോഴേക്കും ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.
