മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സൗബിനു പുറമെ സിനിമയുടെ മറ്റു നിർമാതാക്കളായ സഹോദരൻ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും ജാമ്യം ലഭിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് പൊലീസിനോടും വ്യക്തമാക്കി. ജൂലൈ 7ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ഹാജരാകാൻ പ്രതികളോടും കോടതി നിർദേശിച്ചു. സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മരട് സ്വദേശി സിറാജ് വലിയതിറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തേ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർ സിറാജിനെ കബളിപ്പിച്ചതായും ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നടത്തിയതെന്നുമാണ് പൊലീസ് വാദം. സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും കരാർ പ്രകാരം ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്കു നൽകണമെന്നും സിറാജ് ആവശ്യപ്പെടുന്നു. എന്നാൽ സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും ഇതു കനത്ത സാമ്പത്തിക നഷ്ടത്തിനു ഇടയാക്കിയതായും നിർമാതാക്കളും വാദിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page